ഒരു മനുഷ്യന്റെ ചിന്തകളെയും, മനോഭാവത്തെയും, പെരുമാറ്റങ്ങളെയും സ്വാധീനിക്കുകയും, അത് വിഭിന്ന രീതികളിൽ പ്രകടമാവുകയും ചെയ്യുന്ന ഒരു കൂട്ടം രോഗാവസ്ഥകൾ ആണ് മനോവൈകല്യങ്ങൾ അഥവാ മാനസിക രോഗങ്ങൾ. ഒരു വ്യക്തിയുടെ മനോഭാവം, വ്യക്‌തിത്വം, ശീലങ്ങൾ, മറ്റുള്ളവരുമായുള്ള ഇടപെടലുകൾ എന്നിവയിൽ എല്ലാം രോഗലക്ഷണങ്ങൾ  പ്രകടമാകും.  അതോടൊപ്പം തന്നെ ഉറക്കം, ലൈംഗീക ആസക്തി, വിശപ്പ് തുടങ്ങിയവയിലും മാറ്റങ്ങൾ കണ്ടേക്കാം.

കണക്കുകൾ അനുസരിച്ചു ഇന്ത്യയിൽ നൂറിൽ ആറോ ഏഴോപേർ മാനസിക രോഗങ്ങൾ ഉള്ളവരാണ്, മാനസികരോഗങ്ങൾ ശാരീരികരോഗങ്ങൾ പോലെ തന്നെ പരമ്പരാഗതമായോ, മാനസിക പിരിമുറുക്കങ്ങൾ മൂലമോ, തലച്ചോറിലും ശരീരത്തിലും സംഭവിക്കുന്ന രാസമാറ്റങ്ങൾ വഴിയോ, ഇവ മൂന്നും കൂടിചേരുന്നതുമൂലമോ ഉത്ഭവിക്കുകയും ശാരീരികമായോ മാനസീകമായോ വൈകാരികമായോ പ്രകടമാകുകയും ചെയ്യുന്നു. കൃത്യമായ ചികിത്സയിലൂടെ മാനസിക രോഗങ്ങൾ സുഖപ്പെടുത്തുവാൻ സാധിക്കും. ചില മാനസീക രോഗങ്ങൾ ശാരീരിക രോഗങ്ങൾ പോലെ വളരെ കുറച്ചു സമയംകൊണ്ട് തന്നെ പൂർണമായി സുഖപ്പെടും. എന്നാൽ ചില മാനസീകരോഗങ്ങൾ രക്തസമ്മർദം, പ്രമേഹം എന്നിവയെപ്പോലെ നിയന്ത്രണത്തിൽ കൊണ്ടുവരികയും, കൂടുതൽ കാലയളവ് ചികിത്സ തുടരേണ്ടതും ഉണ്ട്. അസുഖത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ചികിത്സ ആരംഭിക്കുകയാണെങ്കിൽ, രോഗം സുഖപ്പെടുന്നതിന് കുറവ് സമയമേ ആവശ്യമായി വരികയുള്ളൂ.

മതപരവും സാംസ്കാരികവുമായ വിശ്വാസങ്ങൾ കാരണമോ അപമാനം മൂലമോ പ്രാരംഭ ഘട്ടത്തിൽ പലരും മനോരോഗ ചികിത്സക്ക് വിസമ്മതിക്കുന്നു. എന്നാൽ ഈ കാലതാമസം ഫലത്തെ അത്യധികം പ്രതികൂലമായി ബാധിക്കുന്നു. കാലതാമസം കൂടാതെ അസുഖം ഭേദമാവുകയും ചെയ്യും. ശാരീരിക അസ്വസ്ഥതകൾ പോലെ തന്നെ മനോരോഗങ്ങളും കാലതാമസം വരും തോറും ഇടത്തരത്തിൽ നിന്നും കഠിനമായ രോഗാവസ്ഥയിലേക്ക് പ്രവേശിക്കുന്നു. പ്രാരംഭഘട്ടത്തിൽ തന്നെ ചികിത്സകൾ ആരംഭിച്ചാൽ ചികിത്സാവിധികൾ എളുപ്പമാവുകയും കാലതാമസം കൂടാതെ അസുഖം ഭേതമാവുകയും ചെയ്യും

മാനസികരോഗങ്ങൾ താഴെ പറയുന്നവയായി തരംതിരിച്ചിരിക്കുന്നു

തലച്ചോറിന്റെ ഘടനയിലുണ്ടാകുന്ന വ്യത്യാസം കാരണംഉണ്ടാകുന്നവ:

ശിരസ്സിനേൽക്കുന്ന ക്ഷതങ്ങളോ ആകസ്മീകമായുള്ള ആഘാതങ്ങൾ കാരണമോ ഉണ്ടാകുന്ന മാറ്റങ്ങൾ ആണിവ. ഇത്തരത്തിൽ ഉള്ളവ ചികിൽസിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടുള്ളവയും ചിരകാലം ചികിത്സ ആവശ്യമാണ്.

ലഹരിവസ്തുക്കളുടെ ഉപയോഗം കാരണംഉണ്ടാകുന്നവ:

ലഹരിവസ്തുക്കളുടെ അമിതമായ ഉപയോഗം മാനസിക രോഗങ്ങൾക്ക് കാരണമാകുന്നു. സ്ഥിരമായ ഉപയോഗം മൂലം പെരുമാറ്റത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും ഉപേക്ഷിക്കുമ്പോൾ രോഗാവസ്ഥകൾ ഉണ്ടാവുകയും ചെയ്യുന്നു

ഓർമശക്തിയുമായി ബന്ധമുള്ള രോഗങ്ങൾ:

സ്‌കീസോഫ്രീനിയ, ചിത്തവിഭ്രാന്തി, ബുദ്ധിഭ്രമം എന്നിവ ഇതിൽ ഉൾപ്പെടുന്നു. രോഗാവസ്ഥയിലായിരിക്കുന്ന വ്യക്തിക്ക് യാഥാർത്യമായുള്ള ബന്ധം നഷ്ടമാവുകയും അടിസ്ഥാനരഹിതമായ വിശ്വാസങ്ങളെ മുറുകെ പിടിച്ചുകൊണ്ട് മുന്പോട്ട് പോവുകയും ചെയ്യുന്നു.

വൈകാരിക രോഗങ്ങൾ :

വിഷാദം, ബൈപോളാർ ഡിസോർഡർ എന്നിവ ഇതിൽ ഉൾപ്പെടും. വികാരങ്ങളുടെമേലുള്ള നിയന്ത്രണം നഷ്ടപെടുന്ന അവസ്ഥകളാണ് ഇവ. പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെ തന്നെ സന്തോഷവും സങ്കടവും രോഗിയിൽ പ്രകടമാകുന്നു. ഉറക്കം, വിശപ്പ് എന്നിവയിലും സാരമായ മാറ്റങ്ങളും കാണുവാൻ സാധിക്കും.

ഉത്‌കണ്ഠ രോഗങ്ങൾ

രോഗാവസ്ഥയിലായിരിക്കുന്ന വ്യക്തിക്ക് ഉത്‌കണ്ഠ വർദ്ധിക്കുന്നു. പൊടുന്നനെ ഉള്ള ഭീതിയിൽ നിന്നുളവാകുന്ന ഉത്‌കണ്ഠ, സ്വാഭാവികമായി ഉണ്ടാകുന്ന ഉത്‌കണ്ഠകൾ, പ്രകോപനപരമായോ അവർത്തിച്ചവർത്തിച്ചുള്ള ചിന്തകളുടെ ഫലമായി  ഉണ്ടാകുന്ന ഉത്കണ്ഠകൾ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഉണ്ടാകുന്ന ഉത്‌കണ്ഠകൾ, അസാധാരണവും യുക്തിരഹിതമായ ഭയത്തിൽ നിന്നുണ്ടാകുന്ന ഉത്‌കണ്ഠകൾ എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്.

ലൈംഗികതയുമായി ബന്ധപ്പെട്ട രോഗങ്ങൾ

ലൈംഗിക ചര്യകളുമായി ബന്ധപ്പെട്ടവയാണ് ഈ രോഗങ്ങൾ. ശീഘ്രസ്കലനം, രതിമൂർച്ഛയുടെ അഭാവം പാരഫിലിക്കൽ എന്നിവ ഇതിൽ ഉൾപ്പെടും

.മറ്റു മേഖലകളെ ഇത് ബാധിക്കുകയോ, ആ വ്യക്തിക്ക് മാനസീക സമ്മർദ്ദം ഉണ്ടാകുകയോ ചെയ്യുകയാണെങ്കിൽ മാത്രമേ ഇതിനെ ഒരു രോഗമായി പരിഗണിക്കാൻ സാധിക്കുകയുള്ളു

ശാരീരിക ബുദ്ധിമുട്ടുകളായി പ്രത്യക്ഷ്യമാകുന്ന മാനസിക രോഗങ്ങൾ.

ചിലസമയങ്ങളിൽ മാനസിക പിരിമുറുക്കങ്ങൾ ശരീരവേദന, തളർച്ച, ശാരീരിക ഘടനയിലുണ്ടാകുന്ന വ്യത്യാസങ്ങൾ എന്നിവക്ക് കാരണമാകുന്നു. എന്നാൽ ഉത്‌കണ്ഠകളോ മാനസിക ക്ലേശങ്ങളോ ഒന്നും തന്നെ ഇത്തരം രോഗികളിൽ കാണുവാൻ സാധിക്കുകയുമില്ല. ശരീരത്തിലും തലച്ചോറിലും ഉണ്ടാകുന്ന രാസമാറ്റങ്ങൾക്ക് വരെ ചിലപ്പോഴൊക്കെ ഇവ കാരണമായേക്കാം.

നിദ്രയുമായ് ബന്ധമുള്ള രോഗങ്ങൾ

ഉറക്കത്തിൻറെ അളവിലും ആഴത്തിലും ഉള്ള വ്യതിയാനങ്ങൾ  ഉറക്കക്കുറവ്, ഉറക്കത്തിൽ തുടരെ തുടരെ ഉണരുക, ദുഃസ്വപ്നങ്ങൾ കണ്ടുണരുക, ഉറക്കത്തിൽ എഴുന്നേറ്റുനടക്കുക എന്നിവ  ഇതിൽ  ഉൾപെടും.

ഭക്ഷണ ക്രമവുമായി ബന്ധമുള്ളവ

അമിതമായി ഭക്ഷണം കഴിക്കുക, ഭക്ഷണത്തോടു വിരക്തി, ശരീര ഭാരം കൂടുമെന്നുള്ള അമിതമായ ഭയം   , മനപ്പൂർവം ഛർദ്ദിക്കുക  ഇതൊക്കെ മാനസിക പ്രശ്നങ്ങളുമായി ബന്ധപെട്ടു കിടക്കുന്നു.

വ്യക്തിത്വ വൈകല്യം

ഓരോവ്യക്തികൾക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകൾ ആണുണ്ടാവുക. എന്നാൽ ചിലരിൽ ചില സ്വഭാവവിശേഷണങ്ങൾ അവരവർക്കും അവർ ഇടപഴുകുന്നവർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിലും ബന്ധങ്ങൾ പുലർത്തുന്നതിലും പാകപ്പിഴകൾ സംഭവിച്ചേക്കാം. ഇത്തരം സാഹചര്യങ്ങളിൽ  മനഃശാസ്ത്രത്തിൻറെ ഇടപെടൽ ആവശ്യമായി വരുന്നു.

ബുദ്ധിമാന്ദ്യം

സാധാരണക്കാരിൽ നിന്നും വ്യത്യസ്തമായി, ആശയവിനിമയത്തിലും, സ്വയം പര്യാപ്തതയിലും മറ്റുള്ളവരുമായുള്ള ഇടപെടലുകളിലും താരതമേന്യ പിന്നോക്കം നിൽക്കുന്നവരായിരിക്കും ഇത്തരക്കാർ. ചെറുപ്പകാലം മുതൽ തന്നെ കാണപ്പെടുന്നതും പുരോഗതിക്കുള്ള സാധ്യത കുറവുള്ളതുമായ രോഗാവസ്ഥയാണിത്.

ഓർമക്കുറവ്

തലച്ചോറിൽ സംഭവിക്കുന്ന ക്ഷയം മൂലം ഉണ്ടാകുന്ന ഇത്തരം രോഗങ്ങളുടെ തുടക്കത്തിൽ അടുത്തിടെ സംഭവിച്ച കാര്യങ്ങൾ ഓർത്തെടുക്കുവാൻ ആണ് ബുദ്ധിമുട്ട് പ്രകടമാവുക. ക്രമേണ ബുദ്ധി സംബന്ധമായ കാര്യങ്ങളിലും, എഴുത്ത്, ഉത്തരവാദിത്ത നിർവഹണം, ദിനചര്യകൾ എന്നിവയെല്ലാം വെല്ലുവിളികളായി മാറുന്നു.

വളർച്ച വൈകല്യങ്ങൾ

ഒരു കുട്ടിയിൽ സാധാരണഗതിയിലുള്ള ശാരീരികവും മാനസികവും സാമൂഹികവുമായ വളർച്ച നടക്കാതെ വരുന്ന അവസ്ഥയാണിത്.  സംസാരശേഷിയിലുള്ള കുറവ്, മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, ഓട്ടിസം ഇവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.

മറ്റു ബാല്യകാല വൈകല്യങ്ങൾ

ഓട്ടിസം, ബുദ്ധിമാന്ദ്യം എന്നിവ കൂടാതെ മറ്റു പല മാനസിക പ്രശ്നങ്ങളും കുട്ടികളിൽ കണ്ടുവരാറുണ്ട്. ശ്രദ്ധക്കുറവ്, മിരുമിരുപുള്ള സ്വഭാവം, പഠനത്തിൽ പിന്നോക്കം സംഭവിക്കുക, പെരുമാറ്റത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, സ്കൂളിൽ പോകുവാനുള്ള മടി, കിടക്കയിൽ മൂത്രമൊഴിക്കുക എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്.