പ്രസവത്തിന് ശേഷം അഥവാ അബോർഷന് ശേഷമുള്ള കാലഘട്ടം സ്ത്രീകളിൽ വളരെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നവയാണ്. ഹോർമോൺ വ്യതിയാനങ്ങൾ ജീവിത രീതികളിലും ശൈലികളിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഉത്തരവാദിത്വങ്ങളുടെ പിരിമുറുക്കം തുടങ്ങിയവ മാനസിക സംഘർഷങ്ങളിലേക്ക് വഴി തിരിക്കുന്നു. 85% സ്ത്രീകളും പ്രസവാനന്തര സങ്കടാവസ്ഥക്ക് കീഴ്‌പെട്ടുപോകുന്നവരാണ്. ഒരു മാനസിക രോഗം എന്നതിലുപരി സാധാരണയായി സ്ത്രീകളിൽ കണ്ടുവരുന്ന ഒരു പ്രതിഭാസമായിട്ടാണ് ഇതിനെ കാണുന്നത്. ഈ സമയത്ത് സ്ത്രീകൾ വളരെ വ്യത്യസ്തമായ ഭാവമാറ്റങ്ങൾ പ്രകടിപ്പിക്കുന്നു. പ്രസവത്തിനു ശേഷം ഉള്ള നാലാമത്തെയോ അഞ്ചാമത്തെയോ ദിവസങ്ങളിൽ ആണ് ഈ വ്യത്യാസം കൂടുതലായി പ്രകടമാക്കുക, എന്നാൽ രണ്ട് ആഴ്ചകൾക്കുള്ളിൽ ഒരു പരുതി വരെ ഭേതമാകുന്നു. തുടർന്നും ഇത്തരം ലക്ഷണങ്ങൾ മുൻപോട്ട് കാണിക്കുകയാണെങ്കിൽ തീർച്ചയായും പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.
പ്രസവാനന്തര വിഷാദരോഗം പ്രസവത്തിനോട് അനുബന്ധിച്ചോ, അതിനു ശേഷമുള്ള കാലയളവുകളിലോ പ്രകടമാകുന്നതാണ്. വിഷാദരോഗത്തിൻറെതായ ലക്ഷണങ്ങൾ തന്നെയാണ് ഇവിടെയും കാണപ്പെടുക. ഉത്സാഹമില്ലായ്മ, സങ്കടം, ഉറക്കക്കുറവ്, ദഹനക്കുറവ്, എല്ലാത്തിനോടും വിരക്തി തോന്നുക, ശ്രെദ്ധക്കുറവ് മുതലായവയാണ്. മുൻപ് വിഷാദരോഗം, ബൈപോളാർ രോഗം തുടങ്ങിയവന്നിട്ടുള്ളവർക്ക് പ്രസവാനന്തര വിഷാദരോഗം വരുവാനുള്ള സാധ്യത ഉണ്ട്. അതുപോലെ തന്നെ സമ്മർദ്ദം നിറഞ്ഞ ജീവിത രീതികൾ ഭർത്താവുമായുള്ള പ്രേശ്നങ്ങൾ കുടുംബത്തിൽ ഒറ്റപെട്ടുപോകുക തുടങ്ങിയ പ്രേശ്നങ്ങൾ നേരിടുന്നവരിലും രോഗത്തിനുള്ള സാധ്യതയുണ്ട്.
ചില സ്ത്രീകളിൽ ഈ സമയത്തു ഒസിഡിയും കണ്ടുവരുന്നു. ഇത്തരക്കാരിൽ ഉത്‌കണ്ഠ വർദ്ധിച്ചു വിഷാദത്തിലേക്ക് കടക്കുവാനും ഇടയുണ്ട്. പ്രസവാനന്തര മാനസിക സങ്കർഷങ്ങളുടെ ഏറ്റവും മൂർച്ഛിച്ച അവസ്ഥയാണ് പ്രസവാനന്തര ചിത്തഭ്രമം ഇത് ഈ അവസ്ഥയിലായിരിക്കുന്ന ആയിരം സ്ത്രീകളിൽ ഒന്നോ രണ്ടോ സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ഒരവസ്ഥയാണ്. പ്രസവത്തിനു ശേഷം മൂന്നു ദിവസത്തിനുള്ളിൽ ഇതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നു. വളരെ വ്യത്യസ്തമായ പെരുമാറ്റരീതികൾ ഇക്കൂട്ടർ പ്രകടിപ്പിക്കുന്നു. തെറ്റായ വിശ്വാസങ്ങളും മനസ്സിൽ കേൾക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച് പ്രവൃത്തിക്കുന്നതും കുഞ്ഞിന്റെയും അമ്മയുടെയും ജീവന് ഭീഷണിയായി മാറുന്നു. ആത്മഹത്യക്കും കുഞ്ഞിനെ കൊലപ്പെടുത്തുവാനുമുള്ള പ്രേരണക്കും സാധ്യതകളുണ്ട്. മുൻപോട്ടുള്ള ജീവിതത്തിൽ ബൈപോളാർ രോഗം പിടിപെടുവാനുമുള്ള സാധ്യതകളുണ്ട്.
പരിശോധനകൾക്ക് ശേഷം മറ്റ് തരത്തിലുള്ള വൈകാരിക മാറ്റങ്ങളെയും വിലയിരുതിയതിനു ശേഷം (തൈറോയ്ഡ് , അനീമിയ ) ഡോക്ടർ ചികിത്സ രീതികൾ പരാമർശിക്കുന്നു. മുലയൂട്ടുന്ന സമയങ്ങളിൽ മരുന്ന് കഴിക്കുവാൻ താല്പര്യം കാണിക്കാത്തവരിലും സാധാരണ തോതിൽ രോഗം ബാധിച്ചവരിലും തെറാപ്പിയുടെ സഹായത്തോടെ രോഗം സുഖപ്പെടുത്തുവാൻ സാധിക്കാറുണ്ട്. ആന്റിഡിപ്രെസന്റ് മരുന്നുകൾ ഉപയോഗിക്കുകയും ഉറക്കകുറവുപോലുള്ള ലക്ഷണങ്ങൾ ഒഴിവാക്കുവാൻ മറ്റുള്ള മരുന്നുകളും ഉപയോഗിക്കുവാൻ കഴിയുന്നു. വളരെ അനിവാര്യമായ സാഹചര്യങ്ങളിൽ ഇലക്ട്രിക്ക് ഷോക്ക് ഉപയോഗിക്കുന്നു. മരുന്നുകൾ മുലപ്പാലുമായി കൂടിക്കലരുന്നതിനാൽ മര്ന്നുനിന്റെ കാഠിന്യം കുറക്കുക ഇടവേളകളിൽ ഉപയോഗിക്കുക തുടങ്ങിയവയൊക്കെ പാലിക്കാവുന്നതാണ്. എന്നാൽ ഇന്നേവരെ മരുന്നിന്റെ ഉപയോഗം മൂലം കുഞ്ഞുങ്ങളിൽ യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു തവണ പ്രസവാനന്തര വിഷാദരോഗങ്ങൾ പ്രകടിപ്പിച്ചിട്ടുള്ള വ്യക്തികളിൽ അടുത്ത പ്രസവത്തിനു ശേഷം ഉടൻ തന്നെ മരുന്നുകൾ കൊടുത്തു തുടങ്ങുന്നതുവഴി അത്തരമൊരു സാഹചര്യം വീണ്ടും ഒഴിവാക്കുവാൻ സാധിക്കും. കൃത്യമായ ചികിത്സയിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം പരിപൂർണമായി സംരക്ഷിക്കുവാൻ സാധിക്കുന്നു
0 Comments