സമൂഹത്തോടുള്ള ഭയം അഥവാ ജനത്തോടുള്ള പേടി ഒരുതരത്തിൽ മാനസിക രോഗം തന്നെയാണ്. നാലുപേരുടെ മുൻപിൽ സംസാരിക്കേണ്ട സാഹചര്യം വരുമ്പോൾ മുട്ടിടിക്കുക, മനംപുരട്ടുക, മനസ്സിൽ ഒന്നും ഇല്ലാത്ത അവസ്ഥ തുടങ്ങിയവയൊക്കെ ഇതിനുദാഹരണമാണ്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിനെയും, ഒറ്റപെടലിനെയും, വിമര്ശിക്കപെടുന്നതിനെയെല്ലാം അവർ ഭയക്കുന്നു. ദിനചര്യകൾ, ജോലിക്ക് പോകുക, ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുക, പൊതുവായ വിശ്രമസ്ഥലങ്ങൾ ഉപയോഗിക്കുക, പൊതുവായ ആഘോഷങ്ങളിൽ പങ്കെടുക്കുക എന്നിവയിൽ നിന്നെല്ലാം ഇവരെ ഭയം പിന്തിരിപ്പിക്കുന്നു. പത്തിൽ ഒരാൾ ഈ ഭയവുമായി വലയുമ്പോൾ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഇരകൾ എന്നും കണക്കുകൾ പറയുന്നു. ഇത്തരക്കാർ പൊതുവെ നാണക്കാരും ഒടുവിൽ വീടുകളിൽ ഒതുങ്ങി കൂടി പോകുകയും ചെയ്യുന്നു. അതേസമയം മറ്റുചിലർ കടുത്ത മദ്യപാനികളും ലഹരിമരുന്നുകൾക്ക് അടിമകളുമായി തിരുന്നു.
ഇത്തരക്കാർ തിരഞ്ഞെടുക്കുന്ന ഉദ്യോഗങ്ങൾ മറ്റുള്ളവരുമായുള്ള ഇടപെടലുകൾ കുറക്കുന്നതിന് വേണ്ടി അവരുടെ കഴിവിനേക്കാൾ താഴെ ഉള്ളവയായിരിക്കും. ജീവിതത്തിലെ ഒരോ തിരഞ്ഞെടുപ്പുകളിലും ഈ ഒളിച്ചോട്ട സ്വഭാവം പ്രകടമാകും.
കുടുംബങ്ങളിലും ഇത്തരം സാഹചര്യങ്ങൾ കാണുവാൻ സാധിക്കും, മറ്റുള്ളവരുടെ മുഖഭാവങ്ങൾ തെറ്റായി വായിക്കുന്നത് വഴി (തന്നെ നോക്കി പേടിപ്പിക്കുന്നു എന്ന ചിന്ത , അത്തരമൊരു സാഹചര്യം അല്ല എങ്കിൽ കൂടി) ഒക്കെ ഇത് പ്രകടമാകും. മറ്റുള്ളവരുമായി സംഭാഷണത്തിൽ ഏർപ്പെടാനും അവർക്കൊപ്പമായിരിക്കുവാനും ഉള്ള മടിയും സാധാരണമാണ്.
സമൂഹത്തോടുള്ള ഭയം കണ്ടുപിടിക്കുവാൻ വളരെ ബുദ്ധിമുട്ടാണ് പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ സ്ത്രീകൾ നാണക്കാരായിരിക്കുക എന്നത് ഒരു അലങ്കരമായിട്ടാണ് കാണുന്നത്. ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ ഭർത്താവിന്റെ മരണശേഷം സ്ത്രീ ഒറ്റക്ക് നിൽക്കേണ്ടി വരുന്ന സാഹചര്യങ്ങളിലായിരിക്കും ഈ രോഗാവസ്ഥ തിരിച്ചറിയുക. കൗമാരകപ്രായത്തിൽ ആണ് ഇതിന്റെ തുടക്കം തിരിച്ചറിയുവാൻ സാധിക്കുന്നത്. വളരെയധികം വഷളാകുന്ന ഒരു സാഹചര്യം വരുന്നതുവരെ ആരും തന്നെ ചികിത്സക്ക് മുതിരുന്നില്ല എന്നത് മറ്റൊരു യാഥാർഥ്യമാണ്.
ഈ രോഗത്തിന് ചികിത്സ ആരംഭിക്കുന്നതിനു മുൻപ് ഡോക്ടർ രോഗിയെ വ്യത്യസ്തങ്ങളായ പരിശോധനക്ക് വിധേയമാക്കുന്നു. തൈറോയിഡ്, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ തിരിച്ചറിയുവാൻ വേണ്ടിയാണിത്. ഇത്തരക്കാരിൽ വിഷാദ രോഗത്തിനുള്ള സാധ്യതയും വളരെ ഏറെയാണ്.
പരിശോധനയുടെ അടിസ്ഥാനത്തിൽ മരുന്നോ തെറാപ്പിയോ അതോ രണ്ടും വേണ്ടി വരുമോ എന്ന് ഡോക്ടർ നിശ്ചയിക്കുന്നു. മരുന്നുകൾ ഉത്‌കണ്ഠ നിയത്രിക്കുന്നതിനായിട്ടാണ് നൽകുന്നത് എന്നാൽ ചില സാഹചര്യങ്ങളിൽ മാനസിക പിരിമുറുക്കം നിയന്ത്രിക്കുവാനുള്ള മരുന്നുകളും നൽകുന്നു. സൈക്കോതെറാപ്പി വഴി രോഗിയുടെ ഭയം അകറ്റുവാനും മറ്റുള്ളവരുമായി ഇടപെടുവാനും, ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും അങ്ങനെ പുതിയ ഒരാളായി തീരുവാനും സഹായിക്കുന്നു.
0 Comments