ഒരുവന്റെ മാനസികാവസ്ഥയെ സ്വാധിനിക്കാൻ ശേഷിയുള്ള മനോവൈകല്യം ആണ് വിഷാദം. മാനസിക സമ്മർദത്തിലൂടെയും പിരിമുറുക്കങ്ങളിലൂടെയും സ്വകാര്യ ജീവിതത്തിലെ എല്ലാ മേഖലകളെയും സ്വാധിനിക്കുന്ന വിഷാദം എന്ന മാനസിക വൈകല്യം തീർത്തും സാധാരണമായ സങ്കടം എന്ന വികാരത്തിൽ നിന്നും വ്യത്യസ്തവും കൃത്യമായ ചികിത്സയിലൂടെ ഭേദമാക്കേണ്ടതുമായ രോഗാവസ്ഥയാണ്.. രേഖകൾ അനുസരിച്ചു ഓരോ പത്തുപേരിലും രണ്ടോ മൂന്നോ പേർ ഇന്ന് വിഷാദത്തിന്റെ പിടിയിലാണ്. പുരുഷന്മാരേക്കാൾ സ്ത്രീകൾ ആണ് വിഷാദത്തിന്റെ അടിമകൾ ആയി മാറുന്നത്. ഇന്ത്യയിൽ സർവസാധാരമായി മാറിയിരിക്കുന്ന വിഷാദം എന്ന അവസ്ഥ ഗ്രാമങ്ങളെക്കാൾ കൂടുതൽ നഗരങ്ങളിൽ ആണ് കാണപ്പെടുന്നത്. സാധാരണയായി ഇരുപത് മുതൽ നാല്പത് വയസ്സിനിടയിലുള്ളവരിൽ ആണ് വിഷാദം കൂടുതലായി കാണപ്പെടുന്നത് എങ്കിലും കുട്ടികളിലും കൗമാരക്കാരിലും പ്രായമായവരിലും ഈ രോഗാവസ്‌ഥ കാണപ്പെട്ടുവരുന്നു. വിഷാദരോഗത്തിന് അടിമപെട്ടവരുടെ ആത്മഹത്യാ നിരക്ക് അനുദിനം വർദ്ധിച്ചു വരികയാണ് (2-7%). പാരമ്പര്യമായോ, മാനസിക സമ്മർദ്ദങ്ങൾ മൂലമോ ജൈവശാസ്ത്ര ഘടകങ്ങൾ (പ്രസവ, ആർത്തവ സമയങ്ങളിൽ കാണപ്പെടുന്ന ഹോർമോൺ വ്യത്യാസങ്ങൾ) വഴിയോ വിഷാദം ഉണ്ടായേക്കാം. നിങ്ങളുടെ ബന്ധുക്കളിൽ ഒരാൾ വിഷാദരോഗത്തിന് അടിമയും ദീർഘകാലമായി രോഗങ്ങൾ മൂലം വലയുകയും ചെയ്യുന്നു എങ്കിൽ വിഷാദം നിങ്ങളെയും പിടി കൂടുവാനുള്ള സാധ്യതകൾ ഏറെയാണ്. ഒരിക്കൽ വിഷാദരോഗമുണ്ടായിരുന്നവർക്ക് വീണ്ടും വരുവാനുള്ള സാധ്യതകളുമുണ്ട്. പ്രിയപെട്ടവരുടെ വിയോഗം, വിവാഹമോചനം, ഉദ്യോഗം നഷ്ടമാവുക, ഉദ്യോഗത്തിൽ നിന്ന് നിന്ന് വിരമിക്കുക, സ്ഥലമാറ്റം, കലഹം, ലൈംഗിക അതിക്രമങ്ങൾ എന്നിവയൊക്കെ വിഷാദത്തിന് കാരണമാകുന്നു. എപ്പോഴുമുള്ള നിരാശ, സന്തോഷിക്കുവാൻ കഴിയാത്ത അവസ്ഥ, ദിവസം മുഴുവൻ ക്ഷീണിതാനായിരിക്കുക, ഉറക്കം കുറയുക, വിശപ്പിലും ശരീരഭാരത്തിലും ഉള്ള വ്യത്യാസം, ലൈംഗിക ആസക്തി തുടങ്ങിയവയൊക്കെ വിഷാദത്തിന്റെ ലക്ഷണങ്ങൾ ആകുന്നു. വിഷാദം പിടികൂടുന്നവരിൽ സങ്കടത്തിനുപകരം പെട്ടന്ന് കോപം വരിക, ദേഷ്യത്താൽ പൊട്ടിത്തെറിക്കുക, ഏകാഗ്രത നഷ്ടമാകുക, തീരുമാനങ്ങൾ എടുക്കാൻ സാധിക്കാതെ വരിക, എന്തിനോടും വിരക്തിയും നിരാശയും അനുഭവപ്പെടുക, നിഷേധാർത്ഥകമായ മനോഭാവം, തന്നെകൊണ്ട് പ്രയോജനമില്ല എന്ന് ചിന്ത, ആത്മഹത്യ പ്രവണത തുടങ്ങിയവും കാണപ്പെടുന്നു. ചിലപ്പോഴൊക്കെ ശാരീരിക ലക്ഷണങ്ങൾ ആയ വിശദീകരിക്കാൻ സാധിക്കാത്ത വേദന, ദഹന പ്രക്രിയയിൽ ഉള്ള ബുദ്ധിമുട്ടുകൾ, തലവേദന തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നു, ഇവമൂലം പഠനത്തിലും ഉദ്യോഗത്തിലും, ഉറക്കം, ഭക്ഷണം എന്നിവയിലെല്ലാം പിന്നിലായി പോകുന്നു. വിഷാദരോഗമുള്ള കുട്ടിക്കൾ പഠനകാര്യങ്ങളിൽ പിൻപോട്ട് പോവുകയും എപ്പോഴും അസ്വസ്ഥനായും സുരക്ഷിതനല്ലാതെയും കാണപ്പെടുന്നു. എന്നാൽ മുതിർന്നവരിൽ പ്രത്യേകിച്ച് ഹൃദയാഘാതം വന്നവരോ കിടപ്പുരോഗികളായവരിലോ വിഷാദത്തിന്റെ ലക്ഷണങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരിക്കും.
രോഗം ചികില്സിക്കുന്നതിനു മുൻപ് രണ്ടു ആഴ്ചയെങ്കിലും രോഗി രോഗാവസ്ഥയിലായിരുന്നു എന്ന് ബോധ്യമാവണം എന്നാൽ ഇതിനുമുൻപ് വിഷാദരോഗം വന്നവർക്ക് ഇത് ബാധകമല്ല. ചിലരിൽ ജീവിതത്തിൽ ഒരു തവണ മാത്രമേ വിഷാദ രോഗം കാണപെടുന്നുള്ളു എങ്കിൽ മറ്റുചിലരിൽ പല തവണ രോഗം വന്നുചേരുന്നു. വിഷാദരോഗം ചികിൽസിക്കുന്നതിനു മുൻപ് ഡോക്ടർ ചില പരിശോധനകൾ നിർദ്ദേശിക്കുന്നു. വിഷാദരോഗ ലക്ഷണങ്ങളുമായി സാമ്യമുള്ള മറ്റ് രോഗങ്ങൾ ഉദാഹരണമായി തൈറോയിഡ്, ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാകാവുന്ന രോഗങ്ങൾ അനീമിയ തുടങ്ങിയാവണോ എന്ന് തിരിച്ചറിയുവാൻ വേണ്ടിയാണിത്.
വിഷാദരോഗം, കൗൺസിലിങ്, തെറാപ്പി, മരുന്നുകൾ തുടങ്ങിയവയിലൂടെ ഭേതമാക്കാവുന്നതാണ്. രോഗിയുടെയും അവസ്ഥക്കനുസരിച് തെറാപ്പിയാണോ കൗൺസിലിങ് ആണോ അതോ രണ്ടും ഒരുമിച്ചു വേണമോ എന്ന് ഡോക്ടർ തീരുമാനിക്കുന്നു. ആന്റിഡിപ്രെസന്റ് മരുന്നുകൾ തലച്ചോറിലെ സെറാടോണിൻ തുടങ്ങിയ രസങ്ങളെ ഉത്തേജിപ്പിച്ചു മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ചികിത്സ രീതികൾ തീരുമാനിക്കുന്നത്. സാധാരണയായി വളരെ കുറഞ്ഞ തോതിൽനിന്നുമാണ് ചികിത്സ ആരംഭിക്കുന്നത് രോഗത്തിനനുസരിച്ചു തോതുകൂട്ടുകയാണ് ചെയ്യുന്നത്. നാലുമുതൽ ആറുവരെ ആഴ്ചകൾക്കുള്ളിലാണ് ലക്ഷണങ്ങളിൽ വ്യത്യാസം കണ്ടുതുടങ്ങുക. രോഗത്തിനനുസരിച്ചാണ് എത്ര നാൾ ചികിത്സാ തുടരണം എന്ന് തീരുമാനിക്കുന്നത്. ചില ഗൗരവമായ സാഹചര്യങ്ങളിൽ ഇലക്ട്രോകൺവൾസീവ് തെറാപ്പി അഥവാ ഷോക്ക് ട്രീറ്റ്മെന്റ് ഉപയോഗിക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇസിടി ഉപയോഗിക്കുന്നു, അതോടൊപ്പം തന്നെ മരുന്നുകളും പ്രവർത്തനം ആരംഭിക്കുന്നു.
മുകളിൽ പറഞ്ഞതുപോലെ ഒരിക്കൽ നിങ്ങൾക്ക് വിഷാദരോഗം വന്നിട്ടുണ്ട് എങ്കിൽ വീണ്ടും വരുവാനുള്ള സാധ്യത ഏറെയാണ്. അതിനാൽ താനെ രോഗത്തിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കുക എന്നത് വളരെ അത്യാവശ്യമാണ്, എങ്കിൽ മാത്രമേ ആരംഭത്തിൽ തന്നെ ചികിത്സകൾ ആരംഭിക്കുവാൻ സാധിക്കുകയുള്ളു. വിഷാദരോഗത്തിന് അടിമപ്പെട്ടിട്ടുള്ളവർ ലഹരിവസ്തുക്കളോടുള്ള താല്പര്യം കൂടുതൽ കാണിക്കും എന്നതും തിരിച്ചറിയേണ്ട വാസ്തവമാണ്. വിഷാദരോഗം തിരിച്ചറിയേണ്ടതും ചികിൽസിക്കേണ്ടതും ഭേതമാകേണ്ടതും അങ്ങനെ ആത്മഹത്യാ പോലുള്ള കാര്യങ്ങളിൽ നിന്നും രോഗിയെ രക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്.
0 Comments